വിട
****
ഞാനും മടങ്ങുകയാണ്
എന്റെ മൗനത്തിലേക്ക്
എന്റെ മാത്രം സ്വപ്നങ്ങളിലേക്ക്
ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല
നീ എന്നിലെ മരണമാണ്
ദുരാഗ്രഹത്തിന്റെ,
കപടതയുടെ വാഗ്വിലാസം
നിന്റെ കണ്ണീരിലൊപ്പിയ
മൊഴി നുറുങ്ങുകൾ
ഇനി കേൾക്കുക പ്രയാസം
നീയൊരു ഭീരുവായ
കാമനകളുടെ കൊഴിഞ്ഞ
പൂക്കളുടെ പഴം പുരാണം
നീയൊരുക്കിയ പൈശാചികത
അശാന്തിയുടെ നാളുകളായിരുന്നു
ഇന്നിതൊരു കൊച്ചു സ്വർഗമാണ്
ചിരി മനസ്സുകളുടെ മുത്തരി
പ്പല്ലുകൾ പൊഴിയുന്നുണ്ട്
തീൻമേശയിൽ സ്നേഹ
ത്തിന്റെ ചിരിമധുരം
കൈമാറുന്നതു കാണുന്നുണ്ട്
ചതിയുടെ..പകയുടെ നിറ
വർണ്ണങ്ങൾ ചാലിച്ചൊരു
മാരീചന്റെ തനി വേഷപ്പകർച്ച
ആവതില്ലെനിക്കിനിയും
ഈ മൂടുപടമണിയാൻ
മടങ്ങുകയാണ് എന്റെ
സ്നേഹ നൊമ്പരങ്ങളുടെ
പൂവാടിയുറങ്ങുന്ന
കാവൽക്കാരില്ലാത്ത
കാല്പനികതയുടെ
കൊട്ടാരത്തിലേക്ക്
അവിടെയാ വല്ലരികളി
ലൂയലാടി മയങ്ങണം
മാനം മുട്ടെ യാത്രപോകണം
പുഞ്ചിരിക്കുന്ന കുഞ്ഞു
നക്ഷത്രങ്ങളെ കൈവെള്ള
യിലങ്ങനെ വാരിയൊതുക്കണം
സഹനമെന്നത് ഇവിടെ
ഒരുപിടി ഓർമകളുടെ കനൽ
ച്ചാരമായി തെളിനീർ
തീർഥത്തിൽ ഒഴുക്കുകയാണ്
ജനിമൃതികളുടെ ഭൂതകാലം
ഇവിടെ തീർത്തിടട്ടെ!
ജീവിതം കർമ്മനിരതമാണ്
നീയെന്ന സാത്വികതയ്ക്ക്
എറിഞ്ഞുടയ്ക്കാനുള്ളതല്ല
മരണത്തിലേക്കുള്ളയീ
ചെറു കുതിപ്പിലേക്ക്
ഒറ്റയ്ക്കങ്ങനെ ഭാരങ്ങളുടെ
ചുമടുകളിറക്കിവെച്ച്
എനിക്കു മടങ്ങണം
അവിടെ നീയെനിക്കന്യമാണ്
ഗോമതി ആലക്കാടൻ