ആരാണ് വൈദ്യന്‍?

223 0

ആരാണ് വൈദ്യന്‍?

ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക്  മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍ “വൈദ്യന്‍” എന്ന വാക്കിന്‍റെ ഏകദേശ അര്‍ത്ഥം The Learned Man, Scholar, പഠിച്ചു Doctorate നേടിയ Doctor എന്നൊക്കെ വരും. ഭാരതീയമായ മറ്റു ശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ആ ശാസ്ത്രശാഖകളുമായി മാത്രം ബന്ധപ്പെടുത്തി ഋഗ്വേദി, മാന്ത്രികന്‍, അഥര്‍വ്വവേദി, സാമവേദി, വേദാന്തി, ജ്യോത്സ്യന്‍, താര്‍ക്കികന്‍, താന്ത്രികന്‍ എന്ന് വ്യവഹരിക്കുമ്പോള്‍ ആയുര്‍വേദം പഠിച്ചവനെ ആ രീതിയില്‍ നിന്ന് വ്യത്യസ്തമായി  പൂര്‍വ്വസൂരികള്‍ പ്രതിഷ്ഠിച്ചു എന്നത് ശ്രദ്ധേയമാണ്. എന്തായിരിക്കും ഇതിനു കാരണം?

ഭാരതീയപഠനങ്ങളായ വേദങ്ങളും, ഉപനിഷത്തുകളും, മറ്റു ശാസ്ത്രങ്ങളും ഒരേ തത്വത്തില്‍ അധിഷ്ഠിതമാണ്. അവ സ്ഥൂലപ്രപഞ്ചം മുതല്‍ പരമാത്മാവ്‌ വരെയുള്ള വിവിധശാഖകളെ സമഗ്രമായി കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ട് ആ ശാസ്ത്രങ്ങളുടെ അറിവിന്‍റെ സമഗ്രമായ പഠനം പൂര്‍ത്തിയായാല്‍ മാത്രമേ ആയുര്‍വേദപഠനം പൂര്‍ണ്ണമായി എന്ന് പറയാന്‍ പറ്റൂ. സമസ്തശാസ്ത്രശാഖകളിലും പ്രാവീണ്യം നേടിയവരായിരുന്നു ആയുര്‍വേദവിദ്വാന്മാര്‍ എന്ന കാരണം കൊണ്ടുതന്നെയാണ് അവരെ “വൈദ്യന്‍” എന്നു ബഹുമാനിച്ചു വ്യവഹരിച്ചത്.

തീര്‍ത്തും ലളിതമായി പറഞ്ഞാല്‍ ആയുസ്സിനെ സംബന്ധിച്ച അറിവാണ് ആയുര്‍വേദം. ശരീരേന്ദ്രിയസത്വാത്മയോഗമാണ് ജീവിതം. ആ ജീവിതത്തിന്‍റെ കാലമാണ് ആയുസ്സ്. ശരീര ഇന്ദ്രിയ സത്വ ആത്മാവുകളെ സംബന്ധിച്ച വിജ്ഞാനത്തെയും ശരീര ഇന്ദ്രിയ സത്വ ആത്മാവുകളെ യോജിപ്പിച്ചു നിറുത്തുവാനുള്ള ഉപായങ്ങളെയും വിവരിക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം. വൈദ്യന് ഉണ്ടായിരിക്കേണ്ട ജ്ഞാനവിജ്ഞാനങ്ങളുടെ തലം ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥൂലമായ ദൃശ്യമായ ശരീരം മുതല്‍ സൂക്ഷ്മതമമായ ആത്മാവു വരെയുള്ള നിലനില്‍പ്പിന്‍റെ എല്ലാ സ്തരങ്ങളെയും അവയ്ക്കു പരസ്പരമുള്ള ബന്ധത്തെയും കുറിച്ചുള്ള അറിവ് അത്യാവശ്യമാണ് എന്നു ചുരുക്കം. ശാസ്ത്രങ്ങള്‍ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്ന് അഞ്ചായി തിരിച്ച് ഈ നിലനില്‍പ്പിനെ പഠിക്കുന്നു.

നാം കാണുന്ന ശരീരത്തെയാണ് ശാസ്ത്രങ്ങള്‍ സ്ഥൂലശരീരമെന്നും അന്നമയകോശമെന്നുമൊക്കെ വിളിക്കുന്നത്‌. കരചരണാദി അവയവങ്ങളോടു കൂടിയ ഈ  ശരീരം ജഡമാണ്, സ്വയം ചലിക്കാന്‍ ശക്തിയില്ലാത്തതാണ്, സ്ഥൂലഭൂതങ്ങളാല്‍ നിര്‍മ്മിതമാകയാല്‍ ഇന്ദ്രിയവിഷയകമാണ്. ജഡമായ സ്ഥൂലശരീരത്തെ ചലിപ്പിക്കുന്ന ശക്തിയാണ് പ്രാണന്‍. ഇതിനെ പ്രാണമയകോശമെന്നും വിളിക്കുന്നു. പ്രാണമയകോശവുമായുള്ള സംബന്ധമാണ് സ്ഥൂലശരീരത്തെ ചലിപ്പിക്കുന്നത്. സൂക്ഷ്മപഞ്ചഭൂതങ്ങളുടെ രജോഗുണത്തില്‍ നിന്ന് പ്രാണന്‍ ഉണ്ടാകുന്നു. പ്രാണന്‍ സ്ഥൂലശരീരത്തില്‍ നിന്നു വിഘടിക്കുന്നതാണ് ആയുര്‍വേദവിജ്ഞാനപ്രകാരം മരണം.

ജീവിതത്തില്‍ അനിവാര്യമായ വിചാരശക്തിയുടെ തലമാണ് മനോമയകോശം അഥവാ മനസ്സ്. മനുഷ്യനെ മനുഷ്യനാക്കുന്നത് മനനം ചെയ്യാനുള്ള കഴിവാണ്. മനനം മനോമയകോശത്തിന്‍റെ ധര്‍മ്മമാണ്. സൂക്ഷ്മപഞ്ചഭൂതങ്ങളുടെ സത്വാംശത്തില്‍ നിന്ന് മനസ്സ് ഉണ്ടാകുന്നു. മനനം, വിചാരം ബോധത്തിന്‍റെ ഫലമാണ്. അന്നമയ, പ്രാണമയ കോശങ്ങള്‍ക്ക് ബോധത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവില്ല. ആ കഴിവ് ബുദ്ധിയ്ക്ക്, വിജ്ഞാനമയകോശത്തിനാണ്. ബോധത്തിന്‍റെ ഉപാധിയാണ് ബുദ്ധി. ബുദ്ധിയും മനസ്സും ഒന്നാണെങ്കിലും വൃത്തിഭേദം കൊണ്ട് രണ്ടായി വ്യവഹരിക്കുന്നു.ബുദ്ധിയ്ക്കുള്ള ബോധം അതിന്‍റെ സ്വന്തം ചൈതന്യമല്ല. ബുദ്ധിയ്ക്കും അതീതനായിരിക്കുന്ന ജീവന്‍റെ, ജീവാത്മാവിന്റെ സാന്നിദ്ധ്യം കൊണ്ട് ലഭിക്കുന്ന ചൈതന്യശക്തിയാണ് ബുദ്ധിയുടെ ബോധാത്മകത്വം.

പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം മൂന്നിനേയും ചേര്‍ത്ത് സൂക്ഷ്മശരീരം എന്നും വിളിക്കുന്നു.

ജീവാത്മാവിന്‍റെ തലമാണ് ആനന്ദമയകോശം എന്ന് വ്യവഹരിക്കപ്പെടുനത്. ഇതിനെ കാരണശരീരം എന്നും വിളിക്കപ്പെടുന്നു. ജീവന്‍റെ ഉപാധിയാണ് ഈ  കാരണശരീരം. സ്ഥൂലസൂക്ഷ്മശരീരങ്ങള്‍ക്കും അഞ്ചു കോശങ്ങള്‍ക്കും അതീതമായി നിന്നുകൊണ്ട് അവയെ പ്രകാശിപ്പിക്കുന്ന ചൈതന്യവിശേഷമാണ് ജീവന്‍. ആ ജീവന്‍ തന്നെയാണ് ചികിത്സാധികാരിയായ കര്‍മ്മപുരുഷന്‍. ജീവിക്കുമ്പോള്‍ ഉള്ളതും മരിക്കുമ്പോള്‍ ശരീരത്തുനിന്നും വിട്ടുപോകുകയും ചെയ്യുന്ന ശക്തി! ആ ശക്തിയ്ക്ക് ഉപാധിയാണ് ഈ സ്ഥൂലശരീരം.

അങ്ങനെ സ്ഥൂലശരീരം മുതല്‍ ജീവന്‍ വരെ ജീവിതത്തിന്‍റെ സമസ്തസ്തരങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളെ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയുള്ള ശാസ്ത്രമാണ് ആയുര്‍വേദം. അങ്ങിനെയല്ലാത്ത വൈദ്യശാസ്ത്രം പൂര്‍ണ്ണമല്ല. ആ ശാസ്ത്രത്തില്‍ പാരംഗതന്‍ ആയ വിദ്വാനെയാണ് ശാസ്ത്രങ്ങള്‍ പൂര്‍ണ്ണമായ അറിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വൈദ്യന്‍ എന്ന് വിളിച്ചത്. നാലായിരം മരുന്നുയോഗങ്ങളും, നാനൂറു ഔഷധചെടികളുടെ ഗുണഗണങ്ങളും അറിഞ്ഞാലും ആരും വൈദ്യനാവില്ല എന്ന്  വ്യംഗ്യം.

Related Post

  ഗുരുത്വം 

Posted by - May 3, 2018, 08:57 am IST 0
പഞ്ചഭൂതങ്ങളുടെ നിയന്താവായ ഭഗവാന്‍ ശിവനും ശക്തി (നിത്യശുദ്ധം)യുമായി യോജിച്ചപ്പോള്‍ കാര്‍ത്തികേയന്‍ ഭൂജാതനായി. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന (പഞ്ചാനനം) ശിവനും ശക്തിയും കൂടിയുണ്ടായ പുത്രന് 'ആറുമുഖന്‍' എന്ന പേര് അങ്ങനെ…

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്: കാരണം ഇതാണ് 

Posted by - Jul 1, 2018, 08:28 am IST 0
ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക്…

 ഗീതയുടെ പൊരുൾ

Posted by - Mar 11, 2018, 02:20 pm IST 0
 ഗീതയുടെ പൊരുൾ ഹേ ,അച്യുത, നാശരഹിതനായവനെ ,അങ്ങയുടെ അനുഗ്രഹത്താൽ എന്റെ വ്യാമോഹങ്ങളെല്ലാം നീങ്ങി ,ഞാൻ ആരാണെന്ന സ്‌മൃതി എനിക്ക് ലഭിച്ചു …സംശയങ്ങൾ നീങ്ങി ഞാൻ ദൃഡ ചിത്തനായിരിക്കുന്നു…

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ? അറിയാം 

Posted by - Jul 6, 2018, 11:11 am IST 0
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. കർക്കടകം…

പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂർ

Posted by - Apr 21, 2018, 08:42 am IST 0
പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂർ തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ…

Leave a comment