ആയുർവേദം ജീവിതചര്യയാണ്
ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി.
ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും യുക്തിവിപാശ്രയത്തിന്റെയും ലോകങ്ങളിൽ, സർഗ്ഗചേതനയുള്ള മനുഷ്യൻ, അവന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും, അവൻ വസിക്കുന്ന ഭൂമിയും അവന് പ്രകാശമരുളുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവനു ശ്വസിക്കാൻ വായു തരുന്ന സസ്യജാലങ്ങളും, അവയെല്ലാമായി, അവന് അജ്ഞേയമായ ഈശ്വര സങ്കല്പവുമായി, അവനുള്ള കരാറിന് അനുസരിച്ചുള്ള ജീവിതമാണ് ആയുർവേദ ആദരവോടു കൂടിയ ജീവിതം. അതു മറക്കുമ്പോഴൊക്കെ അവനോ അവന്റെ സന്തതിപരമ്പരകളോ കനത്ത വില നൽകേണ്ടി വരും.
ഈ പ്രപഞ്ചവിധാനീയതയുടെ പൊരുൾ പഠിപ്പിക്കുന്ന ശാസ്ത്രമാണ് ആയുർവേദം – ആയുഷ്യാം ച അനായുഷ്യാം ച വേദയിതി ആയുർവേദഃ
അത് പഠിക്കാനൊരുങ്ങുമ്പോൾ ചരകൻ ഉറപ്പിച്ചു പറയുന്നു – ശരീരേന്ദ്രിയസത്വാത്മാസംയോഗാദാരി ജീവിതം നിത്യഗശ്ചാനുബന്ധശ്ച പര്യയേരായുരുച്യതേ. അതാണ് ആയുസ്സ്.
ആയുസ്ല് – കുറെ പണവുമായിറങ്ങി ഇൻഷുറൻസ് എടുത്താൽ അത് കിട്ടില്ല. മെഡിക്കൽ ഇൻഷുറൻസിന് കാശുണ്ടാക്കാൻ പോകുന്ന നേരത്ത് മര്യാദയ്ക്ക് ജീവിച്ചാൽ മതി. ഏഷ്യയിലെ ഒരു ഒന്നാമനും ആയുസ്സ് തരാൻ പറ്റില്ല. മരുന്നു വാങ്ങാൻ എത്ര വലിയ കുപ്പിയുമായി വന്നിട്ടും കാര്യമില്ല. ഒരു സ്വാമിയെ കണ്ടിട്ടും കാര്യമില്ല. കാര്യമുണ്ടാകണമെങ്കിൽ ആയുർവേദ ആശയങ്ങളോട് ആദരവുണ്ടാകണം.