എന്താണ് ഹനുമദ് ജയന്തി
"അതുലിത ബലധാമം ഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാം അഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതി പ്രിയഭക്തം വാതജാതം നമാമി"
ചൈത്ര മാസത്തിലെ ശുക്ലപക്ഷ പൗർണമി ഹിന്ദു വിശ്വാസമനുസരിച്ച് ശ്രീരാമ ഭക്തനായ ആഞ്ജനേയ സ്വാമികളുടെ ജന്മദിനമാണ്. ഇന്നേ ദിവസം ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നു , ഹനുമാൻ ജയന്തി ദിവസം വ്രതമിരുന്ന് പൂർണ ഉപവസത്തോടെ ഹനുമത് ദ്വാദശ നാമമന്ത്രം, ഹനുമാൻ ചാലീസ, സുന്ദരകാണ്ഡം ഇവ പാരായണം ചെയ്യുന്നത് സർവദുഃഖ ദുരിതമകറ്റാൻ സഹായിക്കുന്നു. രാത്രി പാലും പഴവും മാത്രം സേവിക്കുക. ശത്രുദോഷം, ക്ഷുദ്രപ്രയോഗം എന്നിവയിൽ നിന്നും മോചനം നേടാൻ ഈ വ്രതം സഹായിക്കുന്നു. ഹനുമൽ ക്ഷേത്രദർശനം നടത്തുന്നതും വെറ്റില മാല, വട മാല സമർപ്പിക്കുന്നതും ഉത്തമമാണ്.
വീരതയുടെയും, നിസ്വാർത്ഥ സേവനത്തിൻറെയും, നിഷ്കാമ ഭക്തിയുടെയും, ധൈര്യത്തിന്റെയും എക്കാലത്തെയും ഉജ്വലമായ പ്രതീകമാണ് ഹനുമാൻ. സ്വാമി വിവേകാനന്ദൻ യുവാക്കൾക്ക് ഏറ്റവും ഉത്തമമായ മാതൃകയായി നിർദ്ദേശിച്ചത് ശ്രീ ഹനുമാനെയായിരുന്നു. അതുകൊണ്ടുതന്നെ ഹനുമദ് ജയന്തി ദിനം ധൈര്യത്തിന്റെയും, ലക്ഷ്യബോധത്തിന്റെയും, അചഞ്ചലമായ ഇച്ഛാശക്തിയുടെയുമൊക്കെ ദിവസമാണ്.