പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂര്‍ നഗരത്തിന്റെ ഒത്ത നടുക്ക് പെരുമ്പപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം
പ്രതിഷ്ഠ
രണ്ടുനിലകളുള്ള ശ്രീകോവില്‍ ഗജപൃഷ്ഠ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാനമൂര്‍ത്തിയായ സുബ്രഹ്മണ്യന്‍ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു.
ഉപദേവതകള്‍
ഗണപതി, ഭൂതത്താന്‍ ഭഗവതി, ശാസ്താവ്, പരശുരാമന്‍ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സര്‍പ്പക്കാവുമുണ്ട്.
ഐതിഹ്യം
ഐതിഹ്യമനുസരിച്ച് പരശുരാമന്‍ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂര്‍ ആയിരുന്നു. ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂര്‍ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.
ചരിത്രം
പരശുരാമനാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മ പുരാണത്തില്‍ ഗര്‍ഗ്ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോള്‍, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന് എന്നും വിശേഷിപ്പിക്കാറുണ്ട്
ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കല്‍ അഗ്‌നി ബാധ മൂലവും, മറ്റൊരിക്കല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തില്‍ ക്ഷേത്രം പുനരുധീകരിച്ചത് കൊല്ലവര്‍ഷം 965ലാണ്.
പ്രത്യേകതകള്‍
കാവിവസ്ത്രം ധരിച്ച സന്യാസിമാര്‍ക്കും ക്ഷത്രിയര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാങ്ങനതിലുള്ള ഇലഞ്ഞി മരം എല്ലായ്‌പ്പോഴും പൂക്കാരുന്റെങ്കിലും ഒരിക്കലും കായ്ക്കാറില്ല.
വഴിപാടുകള്‍
തണ്ണീരമൃതമാണ് പ്രധാന വഴിപാട്.
നിത്യവും രാവിലെ പയ്യന്നൂര്‍ പെരുമാളിന് മുമ്പില്‍, നെയ്യമൃത് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.
ഭക്തജനങ്ങൾ പരശുരാമന് നെയ് വിളക്ക് കഴിപ്പിച്ച് മനമുരുകി പ്രാര്‍ത്ഥിക്കുന്ന .ക്ഷത്രീയാന്തകനായ പരശുരാമ സ്വാമിയുടെ സാന്നിദ്ധ്യം കൊണ്ട് ഇവിടെ രാജകീയമായ ഒരു ആചരണവുമില്ല. ക്ഷേത്രത്തില്‍ ഒരു ഭരണാധികാരിക്കും ആ നിലയിലുള്‌ല പരിഗണന ഇല്ല. പെരുമാളെിന്റെ മുന്നില്‍, എല്ലാവരും തുല്യര്‍. ഉത്സവ കാലത്ത് ആനയും അമ്പാരിയും ഇല്ല. മുഖ്യപുരോഹിതന്‍ തന്റെ നെഞ്ചോട് ചേര്‍ത്ത് സ്വാമിയെ ശ്രീകോവിലില്‍ നിന്ന് പുറത്ത് കൊണ്ടുവരികയും തന്റെ ശിരസ്സില്‍, എഴുന്നള്ളിക്കുകയും ചെയ്യുന്നു
ആരാധനാമഹോത്സം
ആണ്ടു തോറും വൃശ്ചിക സംക്രമദിനത്തിന്റെ കുളിര്‍കാറ്റോടെ ആരംഭിക്കുന്ന ആരാധന മഹോത്സവം വൃശ്ചികം 14 ന് സമാപിക്കുന്നു.
പ്രധാന ഉത്സവങ്ങള്‍
ധനു മാസത്തിലെ ഷഷ്ടിയും, ധനുവിലെ എഴുന്നള്ളത്ത് ഉത്സവവും, നിറ പുത്തരി ഉത്സവങ്ങളും ഓണം വിഷു എന്നിവയും പ്രധാന ഉത്സവങ്ങള്‍ ആണ് എഴുന്നെള്ളത്ത് അടുത്തുള്ള സോമേശ്വരി ക്ഷേത്രത്തില്‍ നിന്ന് അമ്മ മകനെ കാണാനായി വരുന്ന എഴുന്നെള്ളത്ത് ഭക്തി സാന്ദ്രവും വികാര നിര്‍ഭരവുമാണ്.
പയ്യന്നൂര്‍ പവിത്ര മോതിരം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പവിത്രമോതിരത്തിന്
പവിത്രമോതിരത്തിന്റെ നിര്‍മ്മാണ ചരിത്രം നിലകൊള്ളുന്നത്. ഹിന്ദുമതാചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുന്ന സമയത്ത് ദര്‍ഭപ്പുല്ലുകൊണ്ട് കൈയ്യില്‍ ഉണ്ടാക്കി അണിയുന്ന മോതിരത്തിലുള്ള പവിത്രക്കെട്ട് തന്നെയാണ് പവിത്രമോതിരത്തിലും ഉള്ളത്. പവിത്രക്കെട്ട് ഭൂമിയില്‍ വീഴാന്‍ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ശാന്തിക്കാരന് കൈയ്യിലെ ദര്‍ഭകൊണ്ടുള്ള പവിത്രക്കെട്ട് ഒരു ബാദ്ധ്യതയായി മാറുന്നു. ഈ അവസരത്തിലാണ് പവിത്രമോതിരം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. വ്രതശുദ്ധികളെല്ലാം അനുഷ്ടിച്ച് 3 ദിവസത്തിലധികമെടുത്താണ് അതിസൂക്ഷ്മമായി മോതിരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജിച്ചതിനുശേഷമാണ് പവിത്ര മോതിരം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. മോതിരം ഉപയോഗിക്കുന്ന ആളും വ്രതശുദ്ധി അനുഷ്ഠിക്കണമെന്നുള്ളത് ഒരു നിഷ്‌ക്കര്‍ഷയാണ്.