റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ് പിഴുതെറിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍ പറന്നുപോയി. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡ്, മൊബൈല്‍ ടവര്‍, തുടങ്ങിയവ കാറ്റില്‍ പറന്നുപോയി.
ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. സാമാന്യം വലിപ്പമുള്ള ഐസ് കട്ടകളും വര്‍ഷിക്കുകയുണ്ടായി. ഐസ് കട്ടകള്‍ വീണു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. നാശനഷ്ടങ്ങളുടെ നിരവധി റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളതെന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം അറിയിച്ചു. ഇവിടങ്ങളിലാകെ ഇരുളടഞ്ഞ അന്തരീക്ഷമാണുള്ളത്.
ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും നിരവധി നാശ നഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോട്ട് ചെയ്യുന്നു. റോഡുകളിലെ വശങ്ങളില്‍ സ്ഥാപിച്ച സിഗ്‌നല്‍ പോസ്റ്റുകള്‍ തകരാറിലായി. ബുറൈദ, ഖസീം മേഖലയിലെ ജനജീവിതമാകെ സ്തംഭിച്ചു. ശക്തമായ മഴക്കും കാറ്റടിക്കുവാനുള്ള സാധൃതയുമുണ്ടെന്ന് ഇന്ന് രാവിലെതന്നെ സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നല്‍കിയിരുന്നു. പ്രാഥമിക വിവരമനുസരിച്ച് 251 വാഹനങ്ങള്‍ക്ക് കേടുപാടുപറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. 15 വീടുകളില്‍ വെള്ളം കയറിതായും വിവരമുണ്ട്.