കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ടി.പി. പീതാബരന്‍ മാസ്റ്റര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ നിയോഗിച്ചത്. പാര്‍ട്ടിയുടെ ഉപാധ്യക്ഷനായ രാജന് മാസ്റ്ററെയും ജനറല്‍ ബോഡി തെരഞ്ഞെടുത്തു. നേരത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി നേതാക്കള്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
അധ്യക്ഷസ്ഥാനം സംബന്ധിച്ചു മന്ത്രി എ.കെ. ശശീന്ദ്രന് വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു നേതാക്കള്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയത്. നെടുമ്പാശേരിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ ബോഡിയാണ് തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തത്. പാര്‍ട്ടി ഉപാധ്യക്ഷസ്ഥാനം ശശീന്ദ്രന് വിഭാഗത്തിനും നാലു ജനറല്‍ സെക്രട്ടറി സ്ഥാനം തോമസ് ചാണ്ടി വിഭാഗത്തിനും നല്‍കാനും യോഗം തീരുമാനിച്ചിരുന്നു.