തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചു. മാനഭംഗശ്രമത്തിനുള്ള ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ഈ തെളിവുശേഖരണം. തീവ്ര നിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴി നല്‍കി ഇവര്‍ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടല്‍കാട്ടിലും തൊട്ടടുത്തെ പാര്‍വതീ പുത്തനാറിലും പൊലീസ് ഇന്നലെയും തിരച്ചില്‍ നടത്തിയിരുന്നു.
പൊലീസ് സംശയിക്കുന്നവരെല്ലാം നാട്ടുകാരാണ്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികള്‍ ഉണ്ടാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോട്ട് യാത്രയുടെ പേര് പറഞ്ഞാണ് ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി. 35 ദിവസം പഴക്കമുള്ളതും അഴുകിയതുമായ മൃതദേഹത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനാവാതിരുന്നതാണ് പൊലീസുകാരെ കുഴപ്പിച്ചത്.