കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്‍. കേസില്‍ സി.പി.എമ്മുകാര്‍ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടെന്ന് മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്‍ ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോള്‍ കോടിയേരി കണ്ണൂരില്‍ നേരിട്ടെത്തി അന്വേഷണം അവസാനിപ്പിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു.
ഇതോടെ അന്വേഷണം പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നീട് പൊലീസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായി. പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഇതിനിടെ കള്ള കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തു. തനിക്ക് ഐ.പി.എസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനവും ശമ്പളവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫസല്‍ വധക്കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടു പേരുടെ മരണത്തില്‍ ദുരൂഹതയുണ്ട്.
അഡ്വ.വത്സരാജ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്, ഒരാളുടെ മരണം ബ്ലേഡ് മാഫിയയുടെ തലയില്‍ കെട്ടിവെച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തലശ്ശേരി ജെ.ടി.റോഡില്‍ 2006 ഒക്ടോബര്‍ 22-നു പുലര്‍ച്ചയാണ് ഫസല്‍ കൊല്ലപ്പെടുന്നത്. കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സി.ബി.ഐയാണ്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിലെ മേല്‍നോട്ട ചുമതലയുള്ള ആളായിരുന്നു കെ.രാധാകൃഷ്ണന്‍.