ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തയാറാക്കിയ 'ബട്ടര്‍ഫ്‌ളൈ' ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യയുടെ പതിനേഴാമത്തെ കാന്‍ റെഡ് കാര്‍പറ്റ് മുഹൂര്‍ത്തം. ഗൗണിന്റെ പിന്നിലേക്കു നീളുന്ന മൂന്നു മീറ്റര്‍ ചിത്രശലഭച്ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത. കൂടാതെ പീലി വിടര്‍ത്തിയ മയിലിനയും ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന ഗൗണാണ് ഐശ്വരി തിരഞ്ഞെടുത്തത്.
125 ദിവസങ്ങളിലായി 3000 മണിക്കൂറുകള്‍ ചെലവിട്ടാണു സിങ്കോ ഈ മനോഹര വസ്ത്രം പൂര്‍ത്തിയാക്കിയത്. ഇത്തവണ മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയത്. ചുവപ്പു നിറത്തിലുള്ള ഗൗണിലായിരുന്നു ആരാധ്യ. തന്റെ നാല്‍പ്പത്തിനാലാം വയസിലും കാനില്‍ താര സുന്ദരിക്ക് ആരാധകര്‍ക്ക് ഒട്ടും കുറവില്ലെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു ഐശ്വര്യയുടെ വരവ്. വര്‍ഷങ്ങളായി കാന്‍ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. 'ദേവ്ദാസ്' എന്ന തന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റുകള്‍ക്കുമായി കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു.