കോഴിക്കോട്: സംസ്ഥാനത്തെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടചങ്കന്റെ താക്കീത്. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്റ്റ്‌വെയറായ 'സുവേഗ'യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
ഉദ്യോഗസ്ഥര്‍ക്ക് മാന്യമായ ശമ്പളമാണ് സര്‍ക്കാര്‍ നല്‍കുന്നത്, സ്വയം അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വേണം ജീവിക്കുവാന്‍, അഴിമതി നടത്തരുതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഊറിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്, കുറച്ച് കാലമായി ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിറുത്തി പകരമായി കൈക്കൂലി വാങ്ങാന്‍ വക്താക്കളെ ഏല്‍പ്പിക്കുകയാണ്, ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്ന ഇത്തരം പരിപാടികള്‍ അങ്ങാടിയില്‍ പാട്ടാണ്, അഴിമതിക്ക് ഇരയാകുന്നവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പല ഉദ്യോഗസ്ഥരും രക്ഷപ്പെടുന്നത്.
ഇവരില്‍ നിന്നു രക്ഷ കിട്ടില്ല എന്ന സ്ഥിതി വരുമമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു ജനത്തെ പിഴിഞ്ഞ് കൈക്കൂലി വാങ്ങാതെ അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം' കഴിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മറ്റൊരാളില്‍ നിന്നും ഒന്നും പിഴിഞ്ഞ് വാങ്ങില്ല എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്രതമെടുത്തു വേണം ജോലി ചെയ്യാനെന്നും, അഴിമതി നടത്തുന്ന കുറച്ചു പേര്‍ അന്ത:സായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുമെന്നും, ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ടെന്നും, ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരോക്ഷമായെങ്കിലും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ കിട്ടുമെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്.