ഗാന്ധിനഗർ: എനിക്കെന്റെ കെവിനെ തിരിച്ചു തന്നാൽ മതി… കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ മൂന്നാം വാർഡിൽനിന്ന് ഉയർന്ന മനസുലയ്ക്കുന്ന നിലവിളി പലരുടെയും കണ്ണുനനച്ചു. ഭർത്തൃ പിതാവിനെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു നീനുവിന്റെ വിലാപം. ഇന്നലെ രാവിലെ കെവിന്റെ മാതാപിതാക്കൾ അലമുറയിട്ടു കരയുന്നതു കണ്ടപ്പോഴാണ് കെവിന് എന്തോ അപകടം സംഭവിച്ചതായി നീനു മനസിലാക്കിയത്.
കെവിന്റെ മരണവാർത്തയറിഞ്ഞു കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു സത്യം മനസിലാക്കിയതോടെ നിലവിളിയോടെ മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചു. രാത്രിയോടെ ആശുപത്രിയിൽനിന്നു നട്ടാശേരിയിലുള്ള ഭർത്തൃഗൃഹത്തിലേക്കു പോയി.