ബുഡാപെസ്റ്റ് : പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇസ്ലാം ഭീതിയെ എങ്ങിനെനേരിടാമെന്ന് ടിവി ഷോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് ഈജിപ്ഷ്യന്‍ നടിമാരെ ഒരു ഹംഗറി യുവാവ് ആക്രമിച്ചു. നടിമാരായ ഹിബ, മൊന അബ്ദുല്‍ ഗനി എന്നിവരാണ് വിദ്വേഷ ആക്രമണത്തിനിരയായത്. നടിമാരില്‍ ഒരാളുടെ ഹിജാബ് ആക്രമി വലിച്ചൂരുകയും ചെയ്തു. ഷൂട്ടിങ് നടക്കുന്ന കാര്യം പറഞ്ഞെങ്കിലും ആക്രമി പിന്മാറിയില്ല.
ഇസ്ലാമോഫോബിയയെ കുറിച്ചുളള ഷോ യഥാര്‍ത്ഥ ഇസ്ലാമോഫിയയുടെ പ്രകടനത്തിന്റെ ചിത്രീകരണമായി. ഹിജാബ് ധരിച്ചതിന് പ്രായം ചെന്ന മറ്റൊരു ഹംഗറിക്കാരനും നടിമാരെ അവഹേളിച്ചു. നടിമാരെ ശല്യപ്പെടുത്തുകയും വിദ്വേഷപരമായി പെരുമാറുകയും ചെയ്തു. ഫൗഖ് അല്‍ സബാഹ് എന്ന പ്രത്യേക റമദാന്‍ ടി വി ഷോ ഷൂട്ട് ചെയ്യുന്നതിനിടെ ബുഡാപെസ്റ്റിലെ ഒരു പാര്‍ക്കില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.
ഷൂട്ടിംഗ് സംഘത്തിന്റെ വാഹനമോടിക്കുന്ന ഹംഗറിക്കാരനായ ഡ്രൈവറുടെ സഹായത്തോടെ ആക്രമിയോട് കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അയാള് വഴങ്ങിയില്ല. ഇയാള്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഒടുവില്‍ ഡ്രൈവര്‍ പൊലീസിനെ വിളിക്കുമെന്നറിയിച്ചതോടെയാണ് ഇയാള്‍ പിന്മാറിയത്.ഹിജാബ് ധരിച്ച ഇവര്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി പാര്‍ക്കിലെ നടപ്പാതയിലൂടെ നടക്കുന്നതിനിടെ പെട്ടെന്നാണ് ഹംഗറിക്കാരനായ ആക്രമി കാറില്‍ നിന്നിറങ്ങി ഇവര്‍ക്കു നേരെ വന്ന് ഷൂട്ടിങ് തടസ്സപ്പെടുത്തിയത്.