കൊച്ചി: ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മാതാവിനും വെട്ടേറ്റു. പെരുമ്പാവൂര്‍ ഓടക്കാലി പുന്നയം ശ്രീകൃഷ്ണ ഭവനില്‍ മനോജ് (46) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഇവര്‍ താമസിക്കുന്ന ചേരാനെല്ലൂര്‍ കുന്നുംപുറം എസ്.ബി.എ ജംഗ്ഷന് സമീപത്തെ ക്വാര്‍ട്ടഴ്സിലാണ് സംഭവം. മനോജിന്റെ ഭാര്യ തൃക്കാരിയൂര്‍ ആയക്കാട്ട് മുല്ലാട്ട് വീട്ടില്‍ സന്ധ്യക്കാണ് (32) ഗുരുതരമായി പരിക്കേറ്റത്.
സന്ധ്യയും, കഴുത്തിന് പിന്നിലും ചെവിയിലും വെട്ടേറ്റ മാതാവ് ശാരദയും ഇടപ്പള്ളി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അമൃത ആശുപത്രിയില്‍ നഴ്സാണ് സന്ധ്യ. വെട്ടേറ്റ് സന്ധയുടെ ഒരു കൈ അറ്റുതൂങ്ങി. മുഖത്തും ഗുരുതരമായി പരിക്കുണ്ട്. വെട്ടേറ്റ സന്ധ്യ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ കുഴഞ്ഞു വിണു.
കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറി കുളിമുറിയുടെ വാതിലടച്ച് മനോജ് തൂങ്ങി മരിക്കുകയായിരുന്നു. 13 വര്‍ഷം മുമ്പ് വിവാഹിതരായ മനോജും സന്ധ്യയും കുടുംബ പ്രശ്നങ്ങള്‍ മൂലം രണ്ടു വര്‍ഷമായി പൂര്‍ണമായും അകന്നുകഴിയുകയാണ്. വിവാഹ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ രാവിലെ കുട്ടിയെ സ്കൂളില്‍ കൊണ്ടു വിട്ട് മടങ്ങിവരുന്നതിനിടെ മനോജ് ക്വാര്‍ട്ടേഴ്സ് പരിസരത്ത പതുങ്ങിയിരുന്ന് സന്ധ്യയെ ആക്രമിക്കുകയായിരുന്നു.