ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുവാന്‍ പരാജയപ്പെട്ടതായി ആരോപിച്ച് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ് എ ടി എഫി(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് എഫ്.എ.ടി.എഫ്. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിയന്ത്രിക്കാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനെ 'ഗ്രേ ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ് എ ടി എഫ്. ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പരിഗണിച്ച് പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രാവീഷ് കുമാര്‍ വ്യക്തമാക്കി. എത്യോപ്യ, സെര്‍ബിയ, ശ്രീലങ്ക, സിറിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം എഫ് എ ടി എഫിന്റെ ലിസ്റ്റിലുള്ള മറ്റു രാജ്യങ്ങള്‍. പാരീസില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.