തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മത തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി രൂപികരിച്ചതെന്നാണ് സൂചന. മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന് വാട്സാപ് ഗ്രൂപ്പ് വഴിയാണ് പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ വിവരങ്ങള്‍ കൈമാറിയത്.
ഇതോടെയാണ് സമാന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും പൊലീസ് നിരീക്ഷിച്ചത്. 'മെസേജ് ടു കേരള' ഉള്‍പ്പെടെയുള്ള ചില ഗ്രൂപ്പുകളെ നേരത്തേതന്നെ ഇന്റലിജന്‍സ് നിരീക്ഷിക്കുകയാണ്. ഐഎസുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരുന്നു ഇതില്‍ വന്നത്. ഇങ്ങനെ വിവിധ പേരുകളില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറോളം ഗ്രൂപ്പ് ഇന്റലിജന്‍സ് കണ്ടെത്തി. മാത്രമല്ല മെസേജിങ്‌ആപ്പ് ആയ ടെലഗ്രാം വഴിയാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരം ഗ്രൂപ്പുകളിലേക്ക് കടന്നുകയറി നിരീക്ഷണം നടത്തുകയാണ്.