കല്‍പ്പറ്റ: വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന. അബുദാബിയില്‍വെച്ച് മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. അബുദാബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന് മനസിലായത്.
എന്നാല്‍ മൃതദേഹത്തിനൊപ്പം അയച്ചത് നിഥിന്റെ രേഖകളായിരുന്നു. അവിവാഹിതനാണ് നിഥിന്‍. മാതാവ്: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിഥിന്‍. കഴിഞ്ഞ 11 വര്‍ഷത്തോളം അബുദാബിയിലെ ഒരു സ്വാകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന നിഥിനെ ജൂലൈ അഞ്ചിനാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
മൃതദേഹം ഇവിടെ നിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പെട്ടി തുറക്കുന്നതിന് മുന്‍പു തന്നെ മൃതദേഹം മാറിയെന്ന് മനസിലായി. തുടര്‍ന്ന് ബന്ധുക്കള്‍ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് കയറ്റി അയച്ചതെന്നും കണ്ടത്തി. തുടര്‍ന്ന് ചെന്നൈ സ്വദേശിയുടെ മൃതദേഹം പോലീസ് നിര്‍ദേശപ്രകാരം അമ്പലവയല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിഥിന്റെ മൃതദേഹം വിദേശത്ത് തന്നെയുണ്ടെന്നാണ് സൂചന.