ദില്ലി: ശബരിമല യുവതീപ്രവേശന കേസിലെ പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹർജികൾ നൽകിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നൽകിയേക്കും.
ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ‌്ത രണ്ട‌് റിട്ട‌് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന‌് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ തിങ്കളാഴ‌്ച രാവിലെ ചീഫ‌്ജസ‌്റ്റിസിന്റെ ബെഞ്ച‌് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. വിഷയം ബെഞ്ചിലെ സഹജഡ‌്ജിയുമായി ചര്‍ച്ചചെയ‌്തശേഷം എന്ന‌് പരിഗണിക്കുമെന്ന കാര്യം ചൊവ്വാഴ‌്ച അറിയിക്കാമെന്ന‌് ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയ‌് വ്യക്തമാക്കിയിരുന്നു.