കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു എന്ന അധ്യാപിക താമസസ്ഥലത്തും ജോലി സ്ഥലത്തും ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു. സര്‍ക്കാരും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു കോഴിക്കോട്ട് തിരിച്ചെത്തിയത്. അവര്‍ ചാലപ്പുറത്തെ ഫ്ലാറ്റില്‍ എത്തിയതറിഞ്ഞ് ഒട്ടേറെ പേര്‍ പ്രതിഷേധമാവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഫ്ലാറ്റിലെ ചിലര്‍ തന്നെ താമസിക്കാന്‍ അനുവദിക്കില്ലെന്നും ബിന്ദു പറഞ്ഞു.
കസബ പൊലീസെത്തി ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വനിതാ പൊലീസിന്റെ സഹായത്തോടെ മറ്റൊരിടത്തേക്ക് താമസം മാറ്റി. അവിടെയും ആളുകളെത്തി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് പൊലീസെത്തി വേറെ ഒരിടത്തേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ വരേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സ്‌കൂളിനടുത്ത് ചിലര്‍ യോഗം ചേര്‍ന്ന് പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിന്ദു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.