കോഴിക്കോട്: ശ്രീധരന്‍പിള്ളയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീധരന്‍പിള്ള നയിക്കുന്ന രഥയാത്ര വൈകുന്നേരം കസബ പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോകുമെന്നും അപ്പോള്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാവുന്നതാണെന്നും നേരത്തെ എം.ടി.രമേശ് വെല്ലുവിളിച്ചിരുന്നു.
വികാരമുള്ള അണികള്‍ അവരുടെ വികാരം പ്രകടിപ്പിച്ചെന്നിരിക്കും. അതൊക്കെ ആലങ്കാരിക ഭാഷയാണ്. പൊലീസ് ഒരു കേസെടുത്താല്‍ അതിന്റെ കേസ് നടപടികളുമായിട്ട് മുന്നോട്ട് പോകുന്നത് വൈരുദ്ധ്യമാണെന്ന സമീപനത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളുന്നു. മനുഷ്യമനസിലേക്ക് കടന്ന് ചെല്ലുന്ന വികാര പ്രസംഗങ്ങള്‍ നടത്തുന്നത് രാഷ്ട്രീയത്തില്‍ ഗുണകരമല്ല. അനാശാസ്യമായി അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം,ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടിയെയും ശ്രീധരന്‍പിള്ള രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ശബരിമല യാത്രക്ക് പാസ് വാങ്ങണമെന്നത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും അയ്യപ്പ ഭക്തരെ എങ്ങനെ തടയാമെന്ന് പിണറായി സര്‍ക്കാര്‍ഗവേഷണം നടത്തുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.