പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെയാണ്് നിരോധാനാജ്ഞ.
വെള്ളിയാഴ്ച മുതല്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി പതിനയ്യായിരത്തോളം പോലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ശബരിമലയും പരിസരപ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ചാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്.