ശബരിമല: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് കണ്ണന്താനം ചോദിച്ചു.
ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സംഘം ചേരാന്‍ പാടില്ല, ശരണം വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ ബുദ്ധിമുട്ടിക്കാനുള്ളതാണ്. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം.
നേരത്തേ ഒരു തവണ ഇവിടെ വന്നപ്പോള്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളൊക്കെ തകര്‍ന്നു കിടക്കുകയായിരുന്നു. അവ ശരിയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇപ്പോഴും അതു ശരിയാക്കിയിട്ടില്ല. ശബരിമലയിലേക്കു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.