ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം തന്നെ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുഷമ ഇക്കാര്യം അറിയിച്ചത്. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിയമപരവും സാമ്പത്തികവുമായ സഹായം നല്‍കാന്‍ നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ 13ന് കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. ഇതേതുടര്‍ന്നാണ് ബി ല്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.