തൃശൂര്‍: തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മറ്റൊരാള്‍ കുടിയേറ്റ തൊഴിലാളിയാണ്.
ഇവരുടെയെല്ലാം ശരീരത്തില്‍ കണ്ട പാടുകള്‍ പരിശോധിച്ചപ്പോഴാണു കുഷ്ഠരോഗത്തിന്റെ പ്രാരംഭഘട്ടമാണെന്നു മനസിലായത്. തുടര്‍ന്നു ചികിത്സ ആരംഭിച്ചു. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
എട്ടു ജില്ലകളില്‍ കുഷ്ഠരോഗം പടരുന്ന പശ്ചാത്തലത്തിലാണു കുഷ്ഠരോഗ നിര്‍മ്മാര്‍ജന യജ്ഞം നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ.