ശബരിമല: ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. നൂറു വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിലാണ് വാതില്‍ നിര്‍മിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച് അളവെടുത്തു. ഇനി സ്വര്‍ണം പൂശാനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ചെമ്പുകൊണ്ട് പൊതിഞ്ഞ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വര്‍ണം പൂശുക. നാലുകിലോയിലധികം സ്വര്‍ണം ഇതിനായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചാകും സ്വര്‍ണവാതില്‍ സ്ഥാപിക്കുക.
ഇതിനായി തടിയുടെ ചേര്‍ച്ച ഇന്നലെ വൈകിട്ട് 5.30ന് നോക്കി. അളവ് കൃത്യമായിരുന്നു. രണ്ട് ഭാഗമുള്ള വാതിലിന് 156.5 സെ.മി. നീളം. ഒന്നിന് 43.5 സെ.മി. വീതി. പുറത്ത് നിന്നുള്ള വലത്തേ ഭാഗത്തിന് 37.5 സെ.മി. വീതി. സൂത്രപ്പട്ടിക കൂടി ചേര്‍ന്നപ്പോള്‍ വീതി സമം. പുതിയ ക്ളാമ്പിന് നേരിയ വലിപ്പമുള്ളത് മുറിച്ച് മാറ്റും. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഉണ്ണി തിരുമേനിയും രണ്ട് സുഹൃത്തുക്കളും വഴിപാടായാണ് സ്വര്‍ണം പൂശുന്നത്. നിലവിലെ വാതിലിന് ജീര്‍ണതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് പുതിയത് നിര്‍മിക്കുന്നത്.