എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പത്തനംതിട്ട കലക്ടറേയും പൊലീസ് അധികാരികളെയും ഇവര്‍ സമീപിച്ചിരുന്നു.
എറണാകുളം സ്വദേശികളായ ഇവര്‍ മുന്‍ വര്‍ഷങ്ങളില്‍ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പോലീസ് സുരക്ഷ ആവശ്യപ്പെട്ടത്. ഇവരെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. വ്രതാനുഷ്ഠാനത്തോടെയാണ് ശബരിമലയില്‍ കയറാന്‍ വരുന്നതെന്നും ഇവര്‍ പറഞ്ഞു.
ഇവരെ കൂടാതെ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി യുവതികളുടെ 30 അംഗ സംഘം തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ മാസം 23ന് ഇവരെത്തുക.