ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും മറുപടികളുമായി ഒന്നര മണിക്കൂര്‍ ചാനല്‍ അഭിമുഖം നടത്തുന്ന പ്രധാനമന്ത്രി റാഫേല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വന്ന് വിശദീകരണം നല്‍കാനുള്ള ധെെര്യമില്ലെന്ന് രാഹുല്‍ ആരോപിച്ചു. റാഫേല്‍ വിഷയത്തില്‍ പലതവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ മോദി പ്രതികരിച്ചിട്ടില്ല. മോദി റാഫേല്‍ വിഷയത്തില്‍ 20മിനിറ്റ് ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങള്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
വ്യോമസേന എട്ടുവര്‍ഷം പണിയെടുത്താണ് റാഫേല്‍ പോര്‍വിമാനം തെരഞ്ഞെടുത്തത്. 126 വിമാനങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അത് 36 മാത്രമാക്കി ചുരുക്കിയത് ആരാണ്? 126 വിമാനങ്ങള്‍ വേണ്ടെന്ന് വ്യോമസന സര്‍ക്കാറിനോട് പറഞ്ഞിട്ടുണ്ടോ? പാര്‍ലമെന്റില്‍ എന്തുകൊണ്ട് 'എ.എ'യുടെ പേര് ആവര്‍ത്തിക്കാന്‍ പാടില്ല? മോദി ജീ, പരീക്കരുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന റാഫേല്‍ ഫയലുകളെ കുറിച്ച് തുറന്ന് പറയണം? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ട്വിറ്ററില്‍കൂടി മോദിക്കെതിരെ ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ റാഫേല്‍ വിഷയത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തില്‍ പലതവണ സഭ നിറുത്തിവച്ചിരുന്നു. ഒറ്റ വിമാനം പോലും ഇന്ത്യയില്‍ എത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. റാഫേല്‍ പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ തന്റെ കിടപ്പുമുറിയില്‍ ഉണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ പറയുന്നതിന്റെ ഓഡിയോ ടേപ്പ് സഭയില്‍ കേള്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു.
ആ ടേപ്പ് സാക്ഷ്യപ്പെടുത്താന്‍ രാഹുല്‍ തയ്യാറാണോ എന്നായി സ്പീക്കര്‍ സുമിത്ര മഹാജന്റെ ചോദ്യം. സ്പീക്കര്‍ക്ക് പേടിയാണെങ്കില്‍ ടേപ്പ് കേള്‍പ്പിക്കേണ്ടതില്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ നുണ പറയുകയാണെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നാഷനല്‍ ഹെറാള്‍ഡ് പ്രശ്നവും എടുത്തിട്ടു. റാഫേല്‍ പോര്‍വിമാന ഇടപാടില്‍ മോദി പ്രമുഖ വ്യവസായി അനില്‍ അംബാനിയെ സഹായിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അതേസമയം, അംബാനിയുടെ പേര് ആവര്‍ത്തിക്കുന്നതിനോട് സ്പീക്കര്‍ വിയോജിച്ചു. എന്നാല്‍, 'എ എ' എന്നു പറയാമെന്നായി രാഹുല്‍. അംബാനി ബി.ജെ.പി അംഗമാണോ എന്നും രാഹുല്‍ ചോദിച്ചു.