ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016ലെ വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്, എസ്.എ. നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കര്‍ശന ഉപാധികളോടെയാണ് ബാറുകള്‍ നടത്താന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരിക്കണം ബാറുകള്‍ സ്ഥിതി ചെയ്യാനെന്നും കോടതി ഉത്തരവിട്ടു.
ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി. നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കി. നര്‍ത്തകിമാര്‍ക്കുള്ള ശന്പളം സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും ബാറുടമകള്‍ ഇവര്‍ക്ക് കരാര്‍ പേപ്പര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു.