ശബരിമല: ശബരിമല ദര്‍ശനത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ 'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരായിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നട അടയ്ക്കുന്നതിന് മുമ്ബ് അവസാന മണിക്കൂറില്‍ യുവതികള്‍ എത്തിയാല്‍ അവരെ പ്രതിരോധിക്കാനാണ് ആര്‍.എസ്.എസ് നീക്കം.
നിലയ്ക്കല്‍, ആറന്മുള സമരങ്ങള്‍ക്ക് പിന്നണിയില്‍ നിന്ന് നേതൃത്വം നല്‍കിയ മുതിര്‍ന്ന രണ്ട് പ്രചാരകന്മാരെ ഇതിനായി ആര്‍.എസ്.എസ് നിയോഗിച്ചുകഴിഞ്ഞു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യുവതീ പ്രവേശനം സാദ്ധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പൂര്‍ണതോതില്‍ വിജയിച്ചിരുന്നില്ല. യുവതികളെ കയറ്റിയത് സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷക സമിതിയും സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുന്‍ ഡി.ജി.പിമാരുടെ നേതൃത്വത്തിലുള്ള വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.