മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ് കലക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതി വിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞിരുന്നു. പരിസ്ഥിതി ലോല മേഖലയിലാണ് പഞ്ചായത്ത് നിര്‍മാണം നടത്തുന്നത്. തെറ്റു തിരുത്തേണ്ട എംഎല്‍എ തെറ്റിന് കൂട്ടുനില്‍ക്കരുതെന്നും ശിവരാമന്‍ തുറന്നടിച്ചിരുന്നു.
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്.
പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഇതിനെതിരെ നിയമ നടപടി തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്.