കൊച്ചി: സംസ്ഥാനത്തു താപനിലയ്ക്കൊപ്പം ഇന്ധനവിലയും കത്തിക്കയറുന്നു. രണ്ടര മാസത്തിനിടെ പലപ്പോഴായി ലിറ്ററിനു നാലു രൂപയുടെ വർധനയാണു പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായത്. ജനുവരി ഒന്നിനു 70.49 രൂപയായിരുന്ന പെട്രോളിന്‍റെ വില ഇന്നലെ 76 രൂപയിലെത്തി.
66.16 രൂപയായിരുന്ന ഡീസലിന്‍റെ വില 70.72 ലുമെത്തി. മൂന്നു മാസത്തിനിടെ പെട്രോളിനു 4.37 രൂപയുടെയും ഡീസലിനു 4.09 രൂപയുടെയും വർധന. രണ്ടര മാസത്തിനിടെ ഒരു തവണ മാത്രമാണ് എണ്ണ വിലയിൽ കാര്യമായ കുറവുണ്ടായത്.
ഫെബ്രുവരി ഒന്നിന് പെട്രോളിന് ഒരു രൂപ കുറഞ്ഞു. എന്നാൽ 20നു വില വീണ്ടും കൂടി. ഈ വർഷം ജനുവരി 14 നാണ് ആദ്യത്തെ വില വർധന ഉണ്ടാകുന്നത്. ഡീസൽ വിലയിലും ഗ്രാഫ് ഉയർന്നുകൊണ്ടേയിരിക്കുന്നു . 20 മുതൽ 45 പൈസയുടെ വരെ വർധന ഓരോ ദിവസവും ഉണ്ടായി. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡീസൽ വില കുറഞ്ഞതായാണ് കണക്ക്. പെട്രോള്‍ നിരക്ക് 75 ന് മുകളിലേക്ക് എത്തുകയും, ഡീസല്‍ നിരക്ക് 70 മുകളിലേക്ക് ഉയരുകയും ചെയ്തതോടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് പ്രഖ്യാപിക്കമെന്ന ആവശ്യം ശക്തമാകുകയാണ്.