ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന. ഖന്ന എസ്എസ്പി ക്കു കീഴിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിൻറെ ജനറേറ്റർ ഓഫീസിൽ റെയ്ഡ് നടത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണത്തിൻറെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.