ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതക കേസുകൾക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(ബി) (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്.
അറസ്റ്റിലായ ഓയൂർ ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), മാതാവ് ഗീതാലാൽ (55) എന്നിവരുടെ അടുത്ത ചില ബന്ധുക്കൾക്കും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. അടുത്ത ഘട്ടത്തിൽ ഇവരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകൾ തുഷാരയാണ് (27) മരിച്ചത്. 2013 ലാണ് ചന്തുലാലും തുഷാരയും വിവാഹിതരായത്.
കഴിഞ്ഞ മാർച്ച് 21 അർദ്ധ രാത്രിയോടെയാണ് ചന്തുലാലും ഗീതാലാലും അവശ നിലയിൽ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംംഭവിച്ചിരുന്നു, മർദ്ദനത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള തിണർപ്പുകൾ ശരീരത്തിൽ കണ്ടതോടെ ജില്ലാ ആശുപത്രി അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.