അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ സഹപാഠിയെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇക്കഴിഞ്ഞ 23ന് നടന്ന കൊലപാതകം 25ആം തീയതി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പുറത്തറിയുന്നത്. അഹമ്മദ് നഗറിലെ ചോണ്ഡി ഗ്രാമത്തിലായിരുന്നു സംഭവം.
കേസിൽ 35ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് പിതാവ് തന്നെയാണ് ദുരഭിമാനക്കൊല ചെയ്തതെന്നു വ്യക്തമായത്. പെൺകുട്ടി നിരന്തരമായി ആൺസുഹൃത്തിനോട് ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവാവിന്റെ ബൈക്കിലാണ് പെൺകുട്ടി കോളേജിൽ പോയിരുന്നതും.
ആൺസുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് 51കാരനായ പിതാവ് ശ്രീരംഗ് സായ്ഗുണ്ടെ പലതവണ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നത്രേ. എന്നാൽ, ഇത് അനുസരിക്കാതിരുന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി അമ്മാവന്മാരുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നു. 25ന് പെൺകുട്ടിയുടെ സഹോദരിയാണ് പാതികത്തിയ നിലയിൽ മൃതദേഹം അടുത്തുള്ള ജലാശയത്തിൽ കണ്ടെത്തിയത്.