തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.
ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടി വെന്‍റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു അവരുടേയും നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മരണവിവരം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
മാതാവിന്‍റെ സുഹൃത്ത് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു.
കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി എട്ട് ദിവസം മുന്‍പ് തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റു അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഡോക്ടര്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.