കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുവൻ താത്കാലിക ഡ്രൈവർമാരെയും ഏപ്രിൽ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ 1,565 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടേണ്ടിവരും.
പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹർജിയിലാണ് നടപടി. 2,455 ഒഴിവുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണം. ഈ മാസം 30നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേർത്ത് തൽസ്ഥിതി വിവരറിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് നേരത്തെ പിരിച്ചുവിട്ടത്.