റഫാൽ ഇടപാടിലെ പുറത്തുവന്ന രേഖകൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയ രേഖകൾ സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്‌ക്ക് വിരുദ്ധമാണെന്ന കേന്ദ്ര വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പുതിയ രേഖകൾ പുനപരിശോധന ഹർജിക്കൊപ്പം പരിഗണിക്കും.
റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.
രേഖകൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാകും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.