തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളിലായുണ്ടായ സംഘര്‍ഷത്തിലാണ് എട്ട് പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് ബി ജെ പി പ്രവർത്തകരെയും നാല് സി പി എം പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളിലുമായി 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സി പി എം പ്രവർത്തകരായ പള്ളിക്കല്‍ മുക്കം യാസ്മിനവീട്ടില്‍ സജീബ് ഹാഷിം (50), മടവൂര്‍ പുലിയൂര്‍ക്കോണം അടുക്കോട്ടുകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ജഹാംഗീര്‍ (39), പള്ളിക്കല്‍ വാറുവിളാകംവീട്ടില്‍ യാസര്‍ എം ബഷീര്‍ (39), പള്ളിക്കല്‍ എല്‍ പി എസിന് സമീപം പുളിമൂട്ടില്‍വീട്ടില്‍ മുഹമ്മദ് മര്‍ഫി (40), ബി ജെ പി പ്രവര്‍ത്തകരായ പള്ളിക്കല്‍ മൂതല പനവിളവീട്ടില്‍ വിശ്വനാഥന്‍ (53), മൂതല മൂലഭാഗം അനിത വിലാസത്തില്‍ അനില്‍ കുമാര്‍ (43), മൂതല പൊയ്കവിള പുത്തന്‍വീട്ടില്‍ ജയന്‍ (36), തെങ്ങുവിളവീട്ടില്‍ വിജയന്‍ (48) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയില്‍ ശോഭാസുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഈ കേസിലാണ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രിയില്‍ മൂതല ജംഗ്ഷനില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.