വാരാണസി: നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ച സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനമുഖ്യമന്ത്രിമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കും. എന്‍ഡിഎയുടെ പ്രധാന നേതാക്കളായ പ്രകാശ് സിങ് ബാദല്‍, ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരും സംബന്ധിക്കും.
ആറ് കിലോമീറ്റര്‍ നീളുന്ന രീതിയിലാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് വാരാണസി ബവത്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മോദി ഹെലിപാഡില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെത്തും. അവിടെ നിന്നും കാര്‍മാര്‍ഗം ലങ്കയിലെത്തും. ലങ്കയില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. റോഡ് ഷോയ്ക്ക് പിന്നാലെ ഗംഗാ ആരതി ചെയ്യും. തുടര്‍ന്ന് അനുഗ്രഹം തേടി കാശിവിശ്വനാഥക്ഷേത്രത്തിലെത്തും. വൈകീട്ട് വാരാണസിയിലെ പാരീസ് ഹോട്ടലില്‍ 3000 പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
26ന് രാവിലെ കാലഭൈരവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് പത്രികാ സമര്‍പ്പണം. പത്രികസമര്‍പ്പണത്തിന് പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ എത്തിക്കാനാണ് പരിപാടി. പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്യും
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 3,71,784 ലക്ഷം വോട്ടുകള്‍ക്കാണ് മോദി വിജയിച്ചത്. ഇത്തവണ മോദിക്ക് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനാണ് പാര്‍ട്ടി തീരുമാനം. വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഇവിടെ സ്ഥാനാര്‍ത്ഥിയായി എത്തുമെന്നും സൂചനകളുണ്ട്. അതേസമയം എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 19നാണ് വാരാണസിയിലെ തിരഞ്ഞെടുപ്പ്.