ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉള്‍പ്പെടെ 72 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂര്‍ത്തിയാകും. മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും ഒഡീഷയില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്.
ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് ആദ്യഘട്ട പോളിംഗ്. രാജസ്ഥാനില്‍ 13 ഇടത്തും മധ്യപ്രദേശില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ടും യുപിയില്‍ പതിമൂന്നും, ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
961 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ – കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.
സിപിഐയുടെ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാര്‍ ബെഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്രതാരം ഊര്‍മിളാ മതോന്ദ്കര്‍ ജനവിധി തേടുന്നു. എസ്പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ എന്നിവരാണ് ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.