ന്യൂഡല്‍ഹി: വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദേഹം 1980 ജൂണ്‍ 15-നാണ് ഭാരതീയ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി കമ്മീഷന്‍ ചെയ്തത്. ബംഗ്ലാദേശ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് പ്രതിരോധ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
സെന്‍ട്രല്‍ വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള എയര്‍ മാര്‍ഷല്‍ ന്യൂഡല്‍ഹി വ്യോമസേന ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായിരുന്നു. 26 തരം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുള്ള രാകേഷ് കുമാറിന് 4250 മണിക്കൂറിന്റെ വിമാനം പറത്തല്‍ പരിചയമുണ്ട്.
മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ എയര്‍ അറ്റാച്ചെ ആയിരുന്നു രാകേഷ് കുമാര്‍. ഇദ്ദേഹത്തെ രാജ്യം പരം വിശിഷ്ട് സേവാ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍, വായു സേനാ മെഡല്‍ എന്നിവ നല്‍കി ആദരിച്ചു.