തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശ്ശൂരില്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം. ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബിജെപിയുടെ സത്യാഗ്രഹ സമരം പി.സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിലക്കിനെതിരായ പൊതുവികാരം തിരിച്ചറിഞ്ഞാണ് ബിജെപി സമരം ഏറ്റെടുക്കുന്നത്.
തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന സമയത്തും നീതി കിട്ടിയില്ലെന്ന അഭിപ്രായം പാര്‍ട്ടി അനുഭാവികളായ പൂരപ്രേമിക്കള്‍ക്കിടയിലും ശക്തമാണ്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അടുത്തിടെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.