തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമായ വര്‍ക്കല കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ആരെയും ഭ്രമിപ്പിക്കും. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തിട്ടുണ്ട്. സീസണില്‍ ഇവിടെക്ക് സഞ്ചാരപ്രവാഹമാണ്.
ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയില്‍ ഇത് ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. ഏറെ വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വര്‍ക്കല. വര്‍ക്കലയിലെ കടല്‍തീരമായ പാപനാശം തീരം 'ദക്ഷിണ കാശി' എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇന്‍ഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ജനാര്‍ദ്ദനസ്വാമിക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു.
പ്രസിദ്ധമായ ഒരു ഹിന്ദുമുസ്ലിം തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല. ശിവഗിരിമഠം, ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, കടുവായില്‍ ജുമാമസ്ജിദ്, ശിവപാര്‍വ്വതീ ക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ക്ക് പുറമെ വര്‍ക്കല ബീച്ച്, പാപനാശം ബീച്ച്, കാപ്പില്‍ തടാകം, അഞ്ചുതെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൗസ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരുപാടുണ്ട് വര്‍ക്കലയില്‍. 2000 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഏറ്റവും പ്രാചീന ക്ഷേത്രങ്ങളിലൊന്നായ ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഈ ബീച്ചിനോട് ചേര്‍ന്ന് നിലകൊള്ളുന്നു.
ഇവിടത്തെ പാപനാശം ബീച്ച് പ്രകൃതിഭംഗിക്ക് പേരുകേട്ട കടല്‍ത്തീരമാണ്. പാരാ ഗ്ലൈഡിങ്ങിനും ഇവിടെ സൗകര്യമുണ്ട്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന കാപ്പില്‍ തടാകത്തില്‍ ബോട്ടിംഗിന് സൗകര്യമുണ്ട്.