കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. നോ പാര്‍ക്കിങ് ഏരിയകളും പുനര്‍ക്രമീകരിച്ചു.
ഗതാഗതക്കുരുക്ക് പതിവായി രൂപപ്പെടുന്ന ആനപ്പാലം റോഡ് വണ്‍വേ ആക്കി മാറ്റുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് ടൗണിലെ ഗതാഗത സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. അധികൃതര്‍ തിരിഞ്ഞു നോക്കാതെ ആയതോടെ നോ പാര്‍ക്കിങ് ഏരിയകളും നടപ്പാതകളും വാഹനങ്ങള്‍ കയ്യടക്കി. നടപ്പാതകള്‍ കയ്യേറിയുള്ള വ്യാപാരവും വര്‍ധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, ചുങ്കം ജംക്ഷന്‍, കാനറ ബാങ്കിനു മുന്‍വശം എന്നിങ്ങനെ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ടു 3.30 മുതല്‍ 6 വരെയും ചരക്കുവാഹനങ്ങള്‍ക്കു ടൗണില്‍ പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. നിലവില്‍ സമയക്രമീകരണം പാലിക്കാതെ ടൗണില്‍ തലങ്ങും വിലങ്ങും ചരക്കുവാഹനങ്ങള്‍ പായുകയാണ്. നഗരത്തിലെ ഹൃദയഭാഗമായ ചുങ്കം ജംക്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കണ്ടാലേ ടൗണിലൂടെയുള്ള ഗതാഗതം സുഗമമാവുകയുള്ളു.
കാരണം ഈ ജംക്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കാണ് ടൗണിനെ മൊത്തം ബാധിക്കുന്നത്. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിച്ച് അവിടെ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും നടപ്പിലായിട്ടില്ല. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നത് വീണ്ടും പതിവായി. ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഈ ഭാഗത്തു നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ഈ ബോര്‍ഡ് മറയ്ക്കും വിധമാണ് നിലവില്‍ ഇവിടുത്തെ പാര്‍ക്കിങ്.