പാലക്കാട്: കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നവീകരിക്കുന്ന നഗരത്തിലെ സ്വകാര്യവ്യക്തിയുടെ ബഹുനില കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. കോര്‍ട്ട് റോഡില്‍ അര്‍ബന്‍ ബാങ്കിന് മുന്‍വശത്തെ മൂന്നുനില കെട്ടിടത്തിലാണ് നവീകരണമെന്ന വ്യാജേന നഗരസഭയുടെ അനുമതിയില്ലാതെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചട്ടലംഘനം നടത്തിയുള്ള നിര്‍മ്മാണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
നഗരസഭ എ.ഇ സ്വാമിദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ചട്ടലംഘനം ബോധ്യപ്പെട്ടതിന് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിര്‍മ്മാണ സൈറ്റില്‍ കെട്ടിട ഉടമയോ മറ്റ് ബന്ധപ്പെട്ടവരോ ഇല്ലാത്തതിനാല്‍ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. അതിനാല്‍ ഇന്ന് നോട്ടീസ് നല്‍കുമെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ അബ്ദുള്‍ ഷുക്കൂര്‍ അറിയിച്ചു.കഴിഞ്ഞ ആഗസ്റ്റില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിന് സമീപത്തെ ബഹുനില കെട്ടിടം നിലംപൊത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരത്തില്‍ ബലക്ഷയമുള്ളതായി കണ്ടെത്തിയ 16 കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ കെട്ടിടവും. ഇത് പൂര്‍ണമായി പൊളിച്ചുമാറ്റാതെയാണ് ഇപ്പോള്‍ നവീകരിക്കുന്നത്. പുറമേനിന്ന് നോക്കിയാല്‍ കാണാത്ത തരത്തില്‍ ഷീറ്റുകള്‍ കൊണ്ട് മറച്ചനിലയിലാണ്. തൂണുകള്‍ വാര്‍ത്ത് 40 അടി നീളത്തില്‍ രണ്ട് നില നിര്‍മ്മിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് നിര്‍മ്മാണം നടക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു.മഴക്കാലത്തിനു മുന്നോടിയായി നഗരത്തിലെ ബലക്ഷയമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള നടപടികള്‍ അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. അതേസമയം, നഗരത്തില്‍ പത്തിലധികം കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും നഗരസഭ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത, സദ്ദാം ഹുസൈന്‍, എം. പ്രശോഭ്, ഹക്കിം കല്‍മണ്ഡപം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.