എടപ്പാള്‍: തട്ടാന്‍പടി കണ്ണേങ്കായല്‍ കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ വയല്‍ നികത്തലിനെതിരെ പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വര്‍ഷങ്ങളായി മേഖലയിലെ വയല്‍ നികത്തലിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ അട്ടിമറിച്ചുകൊണ്ട് ഐഎവൈ ഭവന പദ്ധതി പ്രകാരം വയല്‍ നികത്തി വീടു നിര്‍മിക്കാന്‍ എടപ്പാള്‍ പഞ്ചായത്ത് വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി റദ്ദാക്കിയെങ്കിലും അടുത്തിടെ വീണ്ടും ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കി. വയല്‍ നികത്തലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനും വീണ്ടും കോടതിയെ സമീപിക്കാനുമാണ് പരിസ്ഥിതി സംരക്ഷണ സേനയുടെ തീരുമാനം. മനുഷ്യച്ചങ്ങലയ്ക്ക് കോള്‍ കമ്മിറ്റി സെക്രട്ടറി കെ.ബാബു, എം.വി.അബ്ദുല്‍ കാദര്‍, കെ.ആര്‍.ഭാസ്‌കരന്‍, തഫ്‌സീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.