കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ മറുപടിയും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. അടുത്ത മാസം 15നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനൊപ്പം ആന്തൂര്‍ നഗരസഭയില്‍ സാജന്‍ അപേക്ഷ നല്‍കിയ ദിവസം മുതല്‍ ഉള്ള ഫയലുകളും രേഖകളും സാജന് നല്‍കിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സര്‍ക്കാര്‍ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം. അങ്ങനെയൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമേ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകള്‍ ഉണ്ടാകുന്നത് വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഈ അവസ്ഥ തുടരുമ്പോള്‍ നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയുണ്ടാകും – കോടതി പറഞ്ഞു.
ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് സ്റ്റേറ്റ് അറ്റോര്‍ണിയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു ഏക ജാലക സംവിധാനം ഉണ്ടാകണം. അത്തരം നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കോടതി ഈ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയില്ല. വാക്കാലുള്ള വിശദീകരണം പോരെന്നും, എന്താണ് സംഭവിച്ചതെന്ന് കോടതി നേരിട്ട് പരിശോധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് രേഖകള്‍ ഹാജരാക്കാനും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടത്.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ ഓഡിറ്റോറിയം നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു.