മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വരുന്ന അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയുമാണ്. ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു.