തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
അതേസമയം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ പിഎസ് സിയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പിഎസ് സി ആസ്ഥാനത്ത് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണവും കര്‍ശന നടപടിയും വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.