കൊല്ലം : അഞ്ചലില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും 3.2 ലക്ഷം രൂപ പിഴയും. മൂന്ന് ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കേണ്ടി വരും. പതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത് പ്രതിയുടെ പ്രായം കണക്കിലെടുത്ത് മാത്രമാണെന്നും കോടതി വ്യക്തമാക്കി.
അഞ്ചല്‍ ഏരൂര്‍ തിങ്കള്‍ കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനില്‍ രാജേഷ് (25) നെയാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബര്‍ 27 ന് കുളത്തൂപ്പുഴ പൂവക്കാട്ട് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയ്ക്കൊപ്പം രാവിലെ ട്യൂഷന്‍ സെന്ററിലേയ്ക്ക് പുറപ്പെട്ട കുട്ടിയെ താന്‍ അവിടേയ്ക്ക് എത്തിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം പിഡിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബാലികയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി രാജേഷ്. കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണ് രാജേഷിനൊപ്പം പോയ സഹോദരിയുടെ കുട്ടി അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.
തുടര്‍ന്ന് രാജേഷിനെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പകലും രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍പിഎല്‍ എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.